പത്തനംതിട്ട: “പ്രവാസി സംസ്കൃതി’യുടെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം കെ ടി രാജീവിന്റെ “വേവുകാലം’ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 5001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ജനുവരി അവസാനവാരം വെണ്ണിക്കുളത്തുനടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ്, ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
ഇടുക്കി ജില്ലയിലെ രാജാക്കാട് കൂട്ടാർ സ്വദേശിയായ കെ ടി രാജീവ് ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫാണ്. ഭാര്യ: എ ആർ സിന്ധു(സൂപ്പർവൈസർ, മിൽമ). മക്കൾ: വൈശാഖ്, ഗംഗ. സഹ്യാദ്രിയിൽനിന്നും മടക്കയാത്ര, ഇടുക്കി മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ട സംരക്ഷണം അറിഞ്ഞും അറിയേണ്ടതും, അടയാളങ്ങൾ തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. പുസ്തകങ്ങൾക്കും മാധ്യമ റിപ്പോർട്ടുകൾക്കുമായി 18ൽ പരം അവാർഡ് ലഭിച്ചിട്ടുണ്ട്.