മനാമ: പ്രമേഹ രോഗികള്‍ക്ക് വളരെയേറെ പ്രയോജനകരമാകുന്ന പുതിയ മരുന്നിന് അംഗീകാരം നല്‍കി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിര്‍സെപാറ്റൈഡ് ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്നതിനാണ് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) അംഗീകാരം നല്‍കിയിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രദമായ മരുന്നാണ് ഇത്. ഇത് ശരീരഭാരം കുറക്കുന്നതിനും സഹായകമാണ്. അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സക്ക് സഹായിക്കുന്ന എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് പുതിയ മരുന്നിന് അംഗീകാരം നല്‍കിയത്. മരുന്ന് രാജ്യത്തെ ഫാര്‍മസികളില്‍ ലഭ്യമാണെന്നും മെഡിക്കല്‍ കുറിപ്പടികള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും എന്‍എച്ച്ആര്‍എ വ്യക്തമാക്കി.
ഈ മരുന്ന് വിപണിയിൽ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. എല്ലാ മരുന്നുകളെയും ഫാർമസ്യൂട്ടിക്കലുകളെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്താനും അവയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത തങ്ങൾക്കുണ്ടെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.