കോട്ടയം : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗപ്രാപ്തിയുടെ 150–ാം വാർഷികാഘോഷത്തിന്റെ സമാപനം ഇന്നു മാന്നാനത്ത് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിലായിരുന്നു പരിപാടി. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്സ് സീറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുഷ്പാർച്ചന നടത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ സന്നിഹിതരായിരുന്നു. പള്ളിയിലെ പ്രധാന അൾത്താരയും മറ്റു ചെറിയ നാലു അൾത്താരകളും അദ്ദേഹം നോക്കിക്കണ്ടതിനു ശേഷം അല്പനേരം പള്ളിയിലെ മുൻനിര ബഞ്ചിൽ മന്ത്രിമാർക്കൊപ്പം ഇരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ വിശുദ്ധരൂപം കാട്ടിക്കൊടുത്തു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, ഫാ. സെബാസ്റ്റിയൻ ചാമത്തറ തുടങ്ങിവർ അനുഗമിച്ചു.
കൊച്ചി ഐഎൻഎസ് ഗരുഡ നേവൽ സ്റ്റേഷനിൽനിന്ന് ഹെലികോപ്റ്ററിൽ രാവിലെ 9.30ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മന്ത്രി വി.എൻ.വാസവൻ, ദക്ഷിണ മേഖല ഐജി പി.പ്രകാശ്, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി.ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാർ, സിഎംഐ കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡു മാർഗം അദ്ദേഹം മാന്നാനത്തെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴികാടൻ എംപി., സിഎംഐ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സിഎംഐ വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, സിഎംസി സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ പങ്കെടുക്കും. തുടർന്ന് 11.15ന് ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാഡിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്കു മടങ്ങും.