കൊച്ചി : കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയില്‍ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും. ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയില്‍ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പല്‍ശാലയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദര്‍ശിക്കും. തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയില്‍ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും.
തുടര്‍ന്ന് ഉച്ചയോടെ കൊച്ചിയില്‍ എത്തുന്ന അദ്ദേഹത്തിന് കൊച്ചിയിലെ സര്‍ക്യൂട്ട് ഹൗസില്‍ നടക്കുന്ന ഒരു ചടങ്ങില്‍ ‘ഔട്ട്കം ബേസ്ഡ് എജ്യൂക്കേഷന്‍ എക്‌സ്പിരിമെന്റ്‌സ് ഓഫ് എ ഹയ്യര്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍’ എന്ന പുസ്തകം സമ്മാനിക്കും. വൈകിട്ട് ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ എറണാകുളം ഐസിഎഐ ഭവന്‍ന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും.