ദില്ലി : ബിജെപിയിലെ ചില സുഹൃത്തുക്കളെ വിളിച്ചതിന് ശേഷം തന്റെ ഫോണിൽ നിന്ന് ഇൻകമിംഗ് ഔട്ട് ഗോയിംഗ് സേവനം ലഭ്യമാകുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗ്രറ്റ് ആൽവ. പൊതുമേഖല ടെലിഫോൺ സേവന ദാതാവായ എംടിഎൻഎൽ തന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്നാണ് മാര്‍ഗ്രറ്റ് ആൽവയുടെ ആരോപണം. തന്റെ കെവൈസി സസ്പെന്റ് ചെയ്തെന്നും 24 മണിക്കൂറിനുള്ളിൽ സിം കട്ട് ചെയ്യുമെന്നും വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഇപ്പോൾ ഫോൺ ചെയ്യാനാകുന്നില്ലെന്നുമാണ് ആൽവ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. ഇതോടെ നിരവധി പേര്‍ ട്വിറ്ററിൽ ആൽവയെ പിന്തുണച്ച് രംഗത്തെത്തി.
അതേസമയം ദില്ലി പൊലീസിന്റെ ജൂലൈ 19ലെ ട്വീറ്റും ഇപ്പോൾ വൈറലാകുന്നുണ്ട്. സൈബര്‍ ആക്രമണങ്ങൾ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിൽ എംടിഎൻഎല്ലിന്റെ പേരിലും വ്യാജ നോട്ടീസ് പ്രചരിക്കുന്നുവെന്നും വഞ്ചിതരാകരുതെന്നും അറിയിച്ചാണ് ദില്ലി പൊലീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വ്യാജ നോട്ടീസ് സഹിതമാണ് ട്വീറ്റ്. കെവൈസി സസ്പെന്റ് ചെയ്തുവെന്നും 24 മണിക്കൂറിനുള്ളിൽ സിം ബ്ലോക്കാകുമെന്നും അറിയിച്ചുകൊണ്ടുള്ളതാണ് ഈ നോട്ടീസ്. ഇത്തരം നോട്ടീസുകൾ അയച്ച് ആളുകളിൽ നിന്ന് വിവരം ചോര്‍ത്തി സൈബര്‍ ആക്രമണം നടത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. വ്യാജമാണെന്ന് തിരിച്ചറിയാതെ ആളുകൾ വിവരങ്ങൾ കൈമാറുന്നതോടെ തട്ടിപ്പിന് ഇരയാകുന്നു.
വ്യക്തിഗത വിവരങ്ങൾ ചോര്‍ത്തി സൈബര്‍ ആക്രമണം നടത്താൻ, കെവൈസി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുകൊണ്ടുള്ള ഇതേ നോട്ടീസ് തന്നെയായിരിക്കാം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കും ലഭിച്ചിട്ടുണ്ടാകുക എന്ന സംശയം ചില ബിജെപി ട്വിറ്റര്‍ ഹാന്റിലുകൾ ഉന്നയിക്കുന്നുണ്ട്.