തൃശൂര്‍: കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിലെ നേതാവും കൂട്ടാളിയും അറസ്റ്റില്‍. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി അമ്പലത്തുവീട്ടില്‍ റിയാസ് (35), ബംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 21ന് പുഴയ്ക്കല്‍ പാടത്തു നിന്ന് കാറില്‍ നിന്നും 330 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫ് സംഘമാണ് ഇവരെ പിടികൂടിയത്. പുഴയ്ക്കല്‍ എം.ഡി.എം.എ കേസില്‍ നേരത്തെ കാസര്‍ഗോഡ് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിതേഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളവും ഗോവയുമടക്കം ഇന്ത്യ ഒട്ടാകെ എം.ഡി.എം.എയും കഞ്ചാവും മറ്റും വിറ്റഴിക്കുന്ന വന്‍ സംഘമായ വിക്കീസ് ഗ്യാങ്ങിനെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ പ്രധാന സംഘാംഗമായ റിയാസിനെ ചെന്നൈയില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.