ബംഗളൂരു: മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് ഇറങ്ങി കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിനോദസഞ്ചാരികൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. ബന്ദിപ്പൂർ വനംവകുപ്പാണ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളിൽ നിന്ന് 50000 രൂപ പിഴ ഈടാക്കിയത്.
ഈ മാസം ഒന്നിന് വയനാട് – മൈസൂരു ദേശീയപാതയിൽ കേരള അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ അങ്കളയിലായിരുന്നു കേസിനാസ്പദമായ സംഭവം. “നിരോധിത വനഭൂമിയിൽ അതിക്രമിച്ച് കയറിയാൽ മൂന്ന് വർഷം വരെ തടവോ 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. വിഡിയോ വൈറലായതിന് തൊട്ടുപിന്നാലെ ഞങ്ങൾ അന്വേഷണം ആരംഭിക്കുകയും കാർ നമ്പർ വഴി വിനോദസഞ്ചാരികളെ കണ്ടെത്തുകയും ചെയ്തു” -ബന്ദിപ്പൂർ നാഷണൽ പാർക്ക് ഫീൽഡ് ഡയറക്ടർ ഡോ. എ.ബി. രമേഷ് കുമാർ പറഞ്ഞു.
ബന്ദിപ്പൂർ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്), മൂഹോൾ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർഎഫ്ഒ) എന്നിവർ വാർത്തകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മൃഗ സാന്നിധ്യമുള്ള മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു.
റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച രണ്ടു പേർക്കുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കാട്ടാനയെ കണ്ടതോടെ ഇരുവരും ഓടാൻ തുടങ്ങി. ഓട്ടത്തിനിടെ ഒരാൾ നിലത്തുവീണു. ആന ഇയാളെ ചവിട്ടാൻ ശ്രമിച്ചെങ്കിലും ആ സമയം അതുവഴി വന്ന ലോറിയിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇതോടെ യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ൈവറലായിരുന്നു.