കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ തനിക്ക് യാതൊരു ധാരണയോ അറിവോ ഇല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. ആ സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ മറുപടി പറയേണ്ട കാര്യമില്ല. എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളാണെങ്കിൽ സ്വാഭാവികമായും മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇത് അങ്ങനെയല്ല. ആ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്, അത് നടക്കട്ടെ. അതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആർഷോ വ്യക്തമാക്കി. മഹാരാജാസ് കോളേജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജരേഖയുണ്ടാക്കി ജോലിക്കു ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അടപ്പാടി അഗളി പൊലീസിന് കൈമാറും. ഇവരാണ് കേസ് അന്വേഷിക്കുക. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം നടക്കേണ്ടത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കേസ് അഗളി സ്‌റ്റേഷനിലേക്ക് മാറ്റുന്നതിൽ പാലക്കാട് പോലീസിൽ അതൃപ്തിയുണ്ട്. അഭിമുഖത്തിന് എത്തി എന്നതൊഴിച്ചാൽ അട്ടപ്പാടിയുമായി കേസിന് എന്ത് ബന്ധമെന്നാണ് അഗളി പൊലീസ് ചോദിക്കുന്നത്. വ്യാജരേഖ വിദ്യ ഹാജരാക്കിയ അട്ടപ്പാടി കോളേജാകട്ടെ സംഭവത്തിൽ പരാതി നൽകാൻ തയ്യാറുമല്ല.
വിദ്യയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിയാണെന്ന് മലയാളം വിഭാഗം മേധാവി പ്രീത പറഞ്ഞു. ലാലി വർഷങ്ങളോളം മഹാരാജാസിലെ അധ്യാപികയിരുന്നതിനാലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല കോളേജിൽ വിദ്യ ഒരു വർഷം പഠിപ്പിച്ചിരുന്നുവെങ്കിലും രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ല.
അതിനിടെ വിദ്യ കണ്ണൂർ സർവ്വകലാശാല മൂല്യനിർണ്ണയ ക്യാമ്പിലും പങ്കെടുത്തുവെന്ന് വിവരം പുറത്തുവന്നു. എക്സാമിനർക്ക് മൂന്ന് വർഷത്തെ അധ്യാപന പരിചയം വേണമെന്ന യൂണിവേഴ്സിറ്റി വിഞ്ജാപനം പാലിക്കാതെയാണ് വിദ്യയെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. 2021 ഡിഗ്രി ഒന്നാം വർഷ പരീക്ഷകളുടെയും 2022 ലെ ഡിഗ്രി മൂന്ന് നാല് സെമസ്റ്റർ പരീക്ഷകളുടെ മലയാളം മൂല്യനിർണ്ണയ ക്യാമ്പിലാണ് കാസർകോട് കരിന്തളം ആർട്സ് ആന്‍റ് സയൻസ് കോളേജിലെ അധ്യാപികയായിരുന്ന വിദ്യയെ തെരഞ്ഞെടുത്തത്. ഇതിനിടെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.