അടൂർ: മയക്കുമരുന്ന് മാഫിയയിൽനിന്ന് അടൂരിനെ മോചിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂരിൽ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഡെപ്യൂട്ടി സ്പീക്കർ ആർ.ഡി.ഒ ഓഫിസിൽ വിളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂർ ആർ.ഡി.ഒ എ. തുളസീധരൻപിള്ള, നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, അടൂർ ഡിവൈ.എസ്.പി ആർ. ജയരാജ്, അസി. എക്സൈസ് കമീഷണർ രാജീവ് ബി. നായർ, വിമുക്തി ജില്ല കോഓഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, ഡെപ്യൂട്ടി തഹസിൽദാർ ഹരീന്ദ്രനാഥ്, ഉദ്യോഗസ്ഥരായ ജി.കെ. പ്രദീപ്, മനോജ് കുമാർ, ബിജു എൻ. ബേബി എന്നിവർ പങ്കെടുത്തു.
മണ്ഡലത്തിലെ പ്രവർത്തനം കൃത്യമായി പരിശോധിക്കാനും തുടർനടപടി സ്വീകരിക്കാനും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ ചെയർമാനായും ആർ.ഡി.ഒ എ. തുളസീധരൻ പിള്ള കൺവീനറായും മണ്ഡലം മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു.
ഡിവൈ.എസ്.പി, ഡെപ്യൂട്ടി എക്സൈസ് കമീഷണർ, തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, വിമുക്തി ജില്ല കോഓഡിനേറ്റർ, തഹസിൽദാർ എന്നിവർ അംഗങ്ങളാണ്.ജൂലൈ 12ന് 2.30ന് അടൂർ നഗരസഭയിലെ സ്കൂൾ, കോളജ് തലവന്മാരുടെയും 13ന് 2.30ന് റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളുടെയും യോഗം അടൂർ ആർ.ഡി.ഒ ഓഫിസിൽ ചേരും. ഗ്രാമപഞ്ചായത്തുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ മുൻകൈയെടുത്ത് യോഗം വിളിക്കും.
പ്രധാന തീരുമാനങ്ങൾ
പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കും
പ്രധാന റോഡുകളിൽ വാഹന പരിശോധന നടത്തും
എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കും
അടൂർ ടൗൺ, ബൈപാസ് എന്നിവിടങ്ങളിലെ എല്ലാ കടകളിലും പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും കുറ്റകൃത്യം കണ്ടുപിടിച്ചാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും
സ്കൂൾ കോളജ് തലങ്ങളിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും
ബൈപാസ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, പ്രൈവറ്റ് ബസ്സ്റ്റാൻഡ്, സെൻമേരിസ് സ്കൂൾ കെ.എസ്.ആർ.ടി.സി റോഡ്, സ്റ്റേഡിയം റോഡ്, ഹോട്ടൽ ആരാമം, ശ്രീമൂലം ചന്ത, പറക്കോട് അനന്തരാമപുരം ചന്ത, കോട്ടപ്പുറം മിനി എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനകൾ ഉണ്ടാകും
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെൽത്ത് ഇൻസ്പെക്ടർമാർ എല്ലാ കടകളിലും പരിശോധന നടത്തും
സ്കൂൾ കോളജ് റെസിഡന്റ്സ് ഭാരവാഹികളുടെ യോഗം പഞ്ചായത്ത് അടിസ്ഥാനത്തിൽ ജൂലൈ 13 മുതൽ ആരംഭിച്ച 20ന് പൂർത്തീകരിക്കും.
ഗ്രാമപഞ്ചായത്തുകളിലെ യോഗങ്ങൾ
ജൂലൈ 13 രാവിലെ 11.00 തുമ്പമൺ ഗ്രാമപഞ്ചായത്ത്
2 30: പന്തളം നഗരസഭ
ജൂലൈ 14 2.30: പന്തളം തെക്കേക്കര
ജൂലൈ 15 11.00: ഏഴംകുളം, 2.30 : കൊടുമൺ
ജൂലൈ 18 2 30: ഏറത്ത്
ജൂലൈ 19 2 30: കടമ്പനാട്
ജൂലൈ 20 2 30: പള്ളിക്കൽ