കോഴിക്കോട് : കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ ഇടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ പോലീസ് തലപ്പത്ത് പൊരിഞ്ഞ പോര്. ഡിജിപി പദവിയിലുള്ള ടോമിൻ ജെ.തച്ചങ്കരിയും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറും നേർക്കുനേർ നിന്നുള്ള പോരാട്ടത്തിനിടയിൽ വിജിലൻസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസും ലഭിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനു ശേഷം ക്രമസമാധാനച്ചുമതലയുള്ള ഡിജിപി പദവി ആർക്ക് എന്ന ചോദ്യത്തിന്റെ കൂടി ഭാഗമാണ് ഈ വിവാദം എന്ന ആരോപണവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി വേണം എന്ന 17 (എ) ചട്ടത്തെ ചൊല്ലിയാണു വിവാദം. കെഎഫ്സിയിൽ നിന്നു വായ്പയെടുത്ത് നിർമിച്ച കെട്ടിടം ചുളുവിലയ്ക്കു വിറ്റതിൽ ഉദ്യോഗസ്ഥർ ഒത്തു കളിച്ചുവെന്ന പരാതിയിൽ കോഴിക്കോട് വിജിലൻസ് കോടതി കഴിഞ്ഞ 15നു പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
17 (എ) ഈ കേസിൽ ബാധകമാകില്ലെന്നു കോടതി വ്യക്തമാക്കിയതിനെ തുടർന്നു സർക്കാരിന്റെ അനുമതി തേടാതെ തന്നെ അന്വേഷണം ആരംഭിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. കെഎഫ്സി എംഡി ആയിരുന്ന ടോമിൻ തച്ചങ്കരി ഉൾപ്പെടെ 9 പേർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചെയ്ത ജോലിയുടെ ഭാഗമായാണ് ഈ ആരോപണം എന്നതിനാൽ 17 (എ) ബാധകമാകും എന്നാണ് ടോമിൻ തച്ചങ്കരിയുടെ നിലപാട്. മുൻകൂർ അനുമതി തേടാതെ അന്വേഷണത്തിന് അനുമതി നൽകിയതിനെതിരെ സർക്കാരിനു പരാതി നൽകാനുള്ള ഒരുക്കത്തിലാണു തച്ചങ്കരി എന്നും സൂചനയുണ്ട്.
കോഴിക്കോട്ടെ പരാതിക്കാരൻ കോടതിയെ സമീപിക്കുന്നതിനു വളരെ മുൻപു തന്നെ വിജിലൻസ് ഡയറക്ടർക്ക് ഇതേ പരാതി നൽകിയിരുന്നു. അതിൽ കെഎഫ്സി മാനേജിങ് ഡയറക്ടറെയും ചീഫ് മാനേജറെയും മാത്രമാണ് എതിർകക്ഷികളാക്കിയിരുന്നത്. ധന ഇടപാടുമായി ബന്ധപ്പെട്ട പരാതി എന്ന നിലയിൽ വിജിലൻസ് എസ്പി അന്വേഷണത്തിന് അനുമതി തേടി ധനവകുപ്പിലേക്ക് അയച്ചു. ഡയറക്ടറുടെ അനുമതിയില്ലാതെ സർക്കാരിലേക്കു ഫയൽ അയച്ചതിന് എസ്പിയോടും വിജിലൻസ് ആസ്ഥാനത്തെ ഡിവൈഎസ്പിയോടും വിശദീകരണം ചോദിച്ചിരിക്കുകയാണു സുധേഷ്കുമാർ. ലോക്നാഥ് ബെഹ്റ വിരമിച്ചപ്പോൾ ക്രമസമാധാനച്ചുമതലയുള്ള ഡിജിപി പദവിയിൽ ഇനി ആര് എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തർക്കം. അന്നു തച്ചങ്കരിയും സുധേഷ് കുമാറും തമ്മിലായിരുന്നു ഡിജിപി പദവിയിലേക്കു പ്രധാന മത്സരം.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും അന്നും ഉയർന്നു. തുടർന്ന് അനിൽകാന്തിനെ ഡിജിപി ആക്കിയ സർക്കാർ 2 വർഷം സേവനം ദീർഘിപ്പിച്ചു നൽകി. അനിൽകാന്ത് അടുത്ത വർഷം വിരമിക്കുന്നതോടെ ഡിജിപി പദവി വീണ്ടും ചർച്ചകളിലെത്തും. വരുന്ന ഒക്ടോബറിൽ സുധേഷ് കുമാർ വിരമിക്കും. അടുത്ത വർഷം ജുലൈയിലാണു തച്ചങ്കരി വിരമിക്കുക. തന്റെ സാധ്യതകൾ മുടക്കാൻ വേണ്ടിയുള്ള നീക്കങ്ങളാണു നടക്കുന്നതെന്നു സർക്കാരിനെ തച്ചങ്കരി അറിയിച്ചതായാണു സൂചന.