മൂന്നാര്‍: ഇടുക്കി വാഗമണ്ണിൽ വ്യാജപട്ടയം ചമച്ച് ഭൂമി മുറിച്ചുവിറ്റ കേസിൽ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഗമൺ കൊയ്ക്കാരൻ പറമ്പിൽ ജോളി സ്റ്റീഫനെയാണ് ഇടുക്കി വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും പിടികൂടിയത്. 1994 ൽ വാഗമണ്ണിൽ വിതരണം ചെയ്ത ചില പട്ടയങ്ങളിൽ ക്രമക്കേട് നടന്നതായി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നു.
പട്ടയങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് വാഗമൺ സ്വദേശി കളവാട്ട് വീട്ടിൽ ജെസി എന്നയാളുടെ പേരിൽ മൂന്നേക്കർ നാൽപ്പതു സെൻറ് സ്ഥലത്തിന് ജോളി സ്റ്റീഫൻ വ്യാജപ്പട്ടയം ഉണ്ടാക്കിയതായി കണ്ടെത്തിയത്. പിന്നീട് ഈ സ്ഥലം ജെസി എന്ന പേരുള്ള മറ്റൊരാളെ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ജോളി സ്റ്റീഫന്‍റെ പേരിലേക്ക് തന്നെ മാറ്റുകയായിരുന്നു.
തന്‍റെ പേരിലേക്ക് മാറ്റിയ പട്ടയം ജോളി പിന്നീട് 32 പേർക്ക് മറിച്ചു വിറ്റ് കോടികൾ സമ്പാദിക്കുകയും ചെയ്തു. ഇവിടെല്ലാം ഇപ്പോൾ റിസോർട്ടുകളും മറ്റും നിർമ്മിച്ചിട്ടുണ്ട്. വിജിലൻസ് സിഐ ടി ആർ കിരണിൻറെ നേതൃത്തിലായിരുന്നു തെളിവെടുപ്പ്. റവന്യൂ സർവ്വേ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. അടുത്ത ദിവസം ഈ സ്ഥലം അളന്ന് തിരിക്കും. റവന്യൂ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആധാരമെഴുത്തുകാരൻറെയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് ജോളി സ്റ്റീഫനെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണവും വിജിലൻസ് തുടങ്ങിയിട്ടുണ്ട്. വാഗമൺ റാണിമുടി എസ്റ്റേറ്റിനോട് ചേർന്നുള്ള 55 ഏക്കർ സർക്കാർ ഭൂമി കൈയ്യേറി വ്യാജപട്ടയം ചമച്ച് വിൽപ്പന നടത്തിയ കേസിലും ജോളി സ്റ്റീഫൻ പ്രതിയാണ്.