തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ റെഡ് ടേപ്പ് എന്ന പേരിലായിരുന്നു റെയ്ഡ്. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക- അനധ്യാപിക നിയമനം സ്ഥിരപ്പെടുത്താൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
733 തസ്തികയിലേക്കുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ സംസ്ഥാനത്ത് കെട്ടികിടക്കുകയാണെന്ന് പരിശോധനയിൽ കണ്ടെത്തി. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള 66 ഫയലുകളും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കെട്ടികിടക്കുന്നു. ഏറ്റവും കൂടുതൽ ഫയലുകള്‍ മലപ്പുറത്താണ് കെട്ടികിടക്കുന്നത്.
അധ്യാപക നിയമനത്തിൽ ക്രമക്കേട് നടത്തിയ മാനേജുമെൻറുകള്‍ക്കെതിരെ തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടപടി വർഷങ്ങളായിട്ടും തീർപ്പാക്കാതെ വച്ചിരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻെറ നിർദ്ദേശ പ്രകാരാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.