കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ രോഗികളെ ചുമന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഡോസ് ഡിക്രൂസിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് പരിശോധന. കഴിഞ്ഞ മാസം നാലിന് കേടായ ലിഫ്റ്റ് ഇത്രയും കാലമായിട്ടും നന്നാക്കാത്തത് സംബന്ധിച്ചാണ് പ്രധാന അന്വേഷണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ വരുത്തിയ കാലതാമസത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് വിജിലന്‍സ് ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസ് ആശുപത്രിയിലെത്തി കേടായ ലിഫ്റ്റ് പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അടക്കമുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവിധ രേഖകൾ പരിശോധിച്ചു.
കിടപ്പ് രോഗികളെ ആശുപത്രി ജീവനക്കാര്‍ ചുമന്നാണ് ഇപ്പോഴും വിവിധ നിലകളില്‍ എത്തിക്കുന്നത്. ചുമട്ട് തൊഴിലാളികള്‍ രോഗികളെ ചുമന്ന് ഇറക്കേണ്ടി വന്നതും മൃതദേഹം നാലാം നിലയില്‍ നിന്ന് ചുമന്നിറക്കിയ സാഹചര്യവും വിജിലൻസ് പരിശോധിക്കും. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെത്തി പരിശോധന നടത്തിയ ജില്ലാ സബ് ജഡ്ജി ബി. കരുണാകരന്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ലിഫ്റ്റ് നന്നാക്കാന്‍ കാലതാമസം ഉണ്ടായത് അടക്കമുള്ള കാര്യങ്ങള്‍ ഉള‍്പ്പെടുത്തി ഇദ്ദേഹം സംസ്ഥാന ലീഗര്‍ സര്‍വീസസ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.