തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പില്‍ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപക പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് വിജിലന്‍സ് സംഘം. ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന പേരില്‍ നടത്തിയ ഈ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട് ആണെന്നാണ് വിവരം.
സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഏജന്‍റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും കൈക്കൂലിപ്പണം പിടികൂടിയിട്ടുണ്ട്. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപയും കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിൽ ഏജന്‍റിന്‍റെ കാറിൽ നിന്ന് 1,06,285 രൂപയും കണ്ടെടുത്തു.