കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നീക്കം കടുപ്പിച്ച് പോലീസ്. വിജയ് ബാബുവിൻ്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പോലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. 24-ന് ഹാജരാകാമെന്ന് വിജയ് ബാബു പാസ്പാര്‍ട്ട് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അന്ന് ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. ഇക്കുറിയും ഇങ്ങനെ മുങ്ങാൻ വിജയ് ബാബുവിനെ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് പോലീസ് . അതേസമയം പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെട്ടതായി സൂചനയുണ്ട്.
കൊച്ചി പോലീസ് ആവശ്യപ്പെട്ട പ്രകാരം കേന്ദ്രസര്‍ക്കാരാണ് നടൻ വിജയ് ബാബുവിൻ്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇക്കാര്യം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും. യു എ ഇ യ്ക്ക് പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം കൈമാറും. വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പോലീസിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പോലീസിന്‍റെ നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പോലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പോലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പോലീസ്. ഇന്‍റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്‍റാണ് യുഎഇ പോലീസിന് കൈമാറിയത്. വിജയ് ബാബു യു എ ഇയിൽ എവിടെയുണ്ടന്ന് നിലവിൽ കൊച്ചി പോലീസിന് അറിയില്ല. അറസ്റ്റ് വാറന്‍റിന്‍റെ പശ്ചാത്തലത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ യുഇഎ പോലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്‍റർപോൾ വഴി നാട്ടിലെത്തിക്കാനാണ് ശ്രമം.
താൻ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പോലീസിനെ അറിയിച്ചിരിക്കുന്നത്. മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസിന് വ്യക്തമായിരുന്നു. എന്നാൽ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്‍റർപോൾ വഴി നീക്കങ്ങൾ ശക്തമാക്കിയത്.
വേനല്‍ അവധിക്ക് ശേഷം ഈ മെയ് പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്. വിജയ് ബാബുവിന്‍റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പോലീസ് ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയത്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ലഹരി വസ്തുക്കൾ നൽകി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.