കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയ നിർമാതാവ് വിജയ് ബാബു ഈ മാസം 30ന് തിരിച്ചെത്തും. 30നു മടക്കയാത്രയ്ക്കു കൊച്ചിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അഭിഭാഷകർ കോടതിയിൽ ഹാജരാക്കി. ഇന്നലെ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ അധികാര പരിധിയിൽ എത്തട്ടെ എന്നും ടിക്കറ്റ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാം എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വിജയ് ബാബു 30നു തിരികെ എത്തുമെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ജോർജിയയിൽനിന്നു വിജയ് ബാബു ഇന്നലെ ദുബായിൽ മടങ്ങിയെത്തിയിരുന്നു. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നത്. വിജയ് ബാബു അന്വേഷണത്തിനു സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തിയതിനു തൊട്ടു പിന്നാലെ വിജയ് ബാബു വിദേശത്തേക്കു കടക്കുകയായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാറുകൾ ഇല്ലാത്ത രാജ്യത്തേക്കു കടക്കാനും വിജയ് ബാബുവിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായി.
കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാന യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഇല്ല. മടങ്ങിയെത്തിയില്ലെങ്കിൽ ഇന്നു വൈകിട്ട് 5ന് ശേഷം റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.