കൊച്ചി: പീഡനകേസിൽ പ്രതിചേർത്ത സിനിമാ നിർമാതാവ് വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. വെള്ളിയാഴ്ചയാകും കോടതി ഹരജി പരിഗണിക്കുക. പരാതിക്കാരിയുടെ ആരോപണം അടിസ്ഥന രഹിതമാണെന്ന് വാദിച്ചുകൊണ്ടാണ് വിജയ് ബാബു ഹൈകോടതിയെ സമീപിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ തേവര പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തിരുന്നു. വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവനടി രംഗത്തുവന്നത്. പരാതി നൽകി എന്നറിഞ്ഞതിനു പിന്നാലെ വിജയ് ബാബു ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾക്കായി ഗോവയിൽ അടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമ്മ സംഘടനയിൽ ഭാരവാഹിയാണ് വിജയ്ബാബു.
അതേസമയം, പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഫേസ്ബുക്ക് ലൈവിൽ ഇന്നലെ രാത്രി പ്രത്യക്ഷപ്പെട്ടിരുന്നു. ലൈവിനിടെ പരാതിക്കാരിയുടെ പേരുവിവരവും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് കൊച്ചി ഡി.സി.പി വ്യക്തമാക്കിയിരുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ പെൺകുട്ടി ഉന്നയിച്ചത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് അടിവയറ്റിൽ ചവിട്ടുകയും മുഖത്ത് തുപ്പുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. വിശദാംശങ്ങൾ ഫേസ്ബുക്കിലും പെൺകുട്ടി പങ്കുവെച്ചിട്ടുണ്ട്.
സിനിമയിലെ തന്റെ രക്ഷകനും സുഹൃത്തും കാമുകനുമായി നടിച്ചായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു. ജയ് ബാബു നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കുമെന്നും ലൈംഗിക ബന്ധത്തിനായി സമ്മർദം ചെലുത്തുമെന്നും എതിർത്താൽ മുഖത്ത് തുപ്പുമെന്നും അവർ പറയുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്.