തൃശ്ശൂർ: വടക്കാഞ്ചേരിയിൽ മരംമുറി പാസ് അനുവദിക്കാൻ പതിനായിരം കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പിടിയിൽ. വേലൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ വിജിലൻസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കായ ചന്ദ്രന് സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ അധിക ചുമതല കൂടി ഉണ്ടായിരുന്നു . കാഞ്ഞിരക്കോട് സ്വദേശിയായ മരക്കച്ചവടക്കാരൻ ഷറഫുദ്ദീനിൽ നിന്നാണ് ഇയാൾ മരം മുറിക്കാൻ പാസ് അനുവദിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലിയായി വാങ്ങിയത്. ചിറ്റണ്ട സ്വദേശിയുടെ വീട്ട് പറമ്പിൽ നിന്നിരുന്ന തേക്ക് മരങ്ങൾ ഷറഫുദ്ദീൻ വാങ്ങിയിരുന്നു. ഇത് മുറിച്ചെടുക്കാൻ കട്ടിംഗ് പാസ് ലഭിക്കുന്നതിനുള്ള അപേക്ഷ നൽകിയപ്പോൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാത്തതിനാൽ പാസ് അനുവദിക്കാതെ ഷറഫുദ്ദീൻ പലതവണ വില്ലേജ് ഓഫീസിൽ കയറി ഇറങ്ങേണ്ടി വന്നു. പിന്നീട് രണ്ടായിരം രൂപ കൈക്കൂലി നൽകിയെങ്കിലും സ്ഥലം പരിശോധിച്ച് മരങ്ങൾ കൂടുതലുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പതിനായിരം രൂപ വേണമെന്ന് ചന്ദ്രൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഷറഫുദ്ദീൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ വിജിലൻസിന്റെ നിർദ്ദേശമനുസരിച്ച് പണം നൽകാമെന്ന് ഷറഫുദ്ദീൻ സമ്മതിച്ചു. വില്ലേജ് ഓഫീസ് പരിസരത്തെ റോഡിൽ വെച്ച് പണം കൈമാറാനായിരുന്നു നിർദേശം. വിജിലൻസ് സിവിൽ പോലീസ് ഓഫീസർമാർ പുലർച്ചെ മുതൽ തൊഴിലാളികളുടെ വേഷത്തിൽ പരിസരത്തുള്ള പറമ്പിൽ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. പണം കൈമാറിയ ഉടൻ വിജിലൻസ് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഇയാളെ കൈയ്യോടെ പിടികൂടി. ചന്ദ്രൻ്റെ കാറും വിജിലൻസ് കസ്റ്റഡിയിലെടുത്തു.