കൊച്ചി: പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്ത് ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പി യുടെ ജീവിതം സിനിമയാകുന്നു. തണ്ടര്‍ ബോള്‍ട്ട് കമാന്റോയും പ്രമുഖ സംവിധായകന് ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ വിനുവിന് ജീവന് പകരുന്നത് മലയാളികളുടെ പ്രിയതാരം മണികണ്ഠനാണ്. സിനിമയുടെ പ്രാരംഭ നടപടികള്‍ കൊച്ചിയില്‍ ആരംഭിച്ചു. പുതുമുഖ തിരക്കഥാകൃത്ത് ജോയ്സണ്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അപൂര്‍വ്വമായ മനുഷ്യാനുഭവങ്ങളാണ് വിനുവിന്റെ ജീവിതത്തിലുടനീളമുള്ളത്.
ഏറെ പുതുമയും സങ്കീര്‍ണ്ണതയും നിറഞ്ഞ ആ ജീവിതമാണ് സിനിമയാക്കുന്നതെന്ന് സംവിധായകന് സജിത്ത് വി സത്യന് പറഞ്ഞു. വിനുവിന്റെ ജീവിതമാണ് പ്രമേയമെങ്കിലും ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ഒരുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതെന്നും ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.
കൂടാതെ, ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന വിനുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിലെ നായകനായ മണികണ്ഠന് ആചാരി പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം ഉടന്‍ കൊച്ചിയില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
അയ്യോ ഇത് നമ്മുടെ ഭീമന് രഘുവാണോ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. അതേ മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി കഥാപാത്രങ്ങളായി നമ്മളെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന് രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്നു. കൂടാതെ ഭീമന് രഘു സംവിധായകനായി എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. സ്നേഹം, വാത്സല്യം, പ്രണയം തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം മുന്നോട്ട് പോകുന്നത്. ഒരു മനുഷ്യന്റെ നിസ്സഹായതയിലൂടെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടുകളെ രൂക്ഷമായി വിമര്‍ശനത്തിന് വിധേയമാക്കുന്ന ഒരു ചിത്രം കൂടിയാണ് ‘ചാണ’യെന്ന് സംവിധായകന് ഭീമന് രഘു അഭിപ്രായപ്പെട്ടു.
‘കഴിഞ്ഞ നാല്പത്തഞ്ചിലേറെ വര്‍ഷത്തെ ചലച്ചിത്രരംഗത്തെ ഒട്ടേറെ അനുഭവങ്ങള്‍ എനിക്കുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ചാണ ഞാന്‍ സിനിമയാക്കുന്നത്. ഒരിക്കല്‍ ചാണയുമായി തൊഴിലെടുക്കുന്ന ഒരു തമിഴ്നാട് സ്വദേശിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ചാണ’ സിനിമയായി മാറുന്നത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഞാന്‍ തന്നെ ആലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ചാണ’.ഒരുപക്ഷേ മലയാളസിനിമയില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം തന്നെയാണ് ചാണയുടേത്’ – ഭീമൻ രഘു പറഞ്ഞു.
തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് ‘ചാണ’ ചിത്രീകരിച്ചത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക.രാമന് വിശ്വനാഥ്, രഘുചന്ദ്രന്‍, സമോഹ്, സൂരജ് സുഗതന്, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന് പടക്കക്കട), മുരളീധരന് നായര്‍, വിഷ്ണു, മണികണ്ഠന്, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.