റിയാദ്: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 74 ആരോഗ്യ കേന്ദ്രങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചുപൂട്ടി. ആ വര്‍ഷം ആദ്യ പകുതി വരെ നടത്തിയ 300,000 ഫീല്‍ഡ് പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നാല് ആശുപത്രികള്‍, 43 ആരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് ഫാര്‍മസികള്‍, 22 മറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്. 6,600ത്തിലേറെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. 729 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2,754 ഫാര്‍മസികള്‍, 833 മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആരോഗ്യ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുമെന്നും ആവശ്യമെങ്കില്‍ അവ അടച്ചുപൂട്ടാനും രണ്ടു വര്‍ഷം വരെ ലൈസന്‍സ് പിന്‍വലിക്കാനും നിയമം അനുശാസിക്കുന്നതായി അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.