പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നൽകി. കുടുംബംശ്രീ, കെ-ഡിസ്ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിശദീകരണത്തിൽ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഇതിലുണ്ട്. ഇന്നലെയാണ് ഇദ്ദേഹം വിശദീകരണം നൽകിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
പരാതി ഉയര്‍ന്നപ്പോൾ തന്നെ തോമസ് ഐസക് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല, കുടുംബശ്രീയോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും, ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാൻ ആണ് യുഡിഎഫ് ശ്രമമെന്നും ജനകീയ പരിപാടികൾ യുഡിഎഫിനെ അലട്ടുകയാണെന്നുമായിരുന്നു തോമസ് ഐസക് പറഞ്ഞത്.
അതിനിടെ തോമസ് ഐസകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രണ്ട് നേതാക്കൾ തമ്മിൽ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതിൽ കര്‍ശന നടപടിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ശന നടപടിയിലേക്ക് പോവുക. അസാധാരണമായ സംഭവമാണ് നടന്നതെന്നാണ് വിലയിരുത്തൽ. അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് മുൻ എംഎൽഎ കൂടിയായ നേതാവിനെ പിടിച്ചുതള്ളിയത്. മന്ത്രി വി എൻ വാസവൻ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു സംഭവം. പ്രചാരണത്തിലെ പോരായ്മ വിമര്‍ശിച്ചതാണ് പ്രകോപനത്തിന് കാരണം.