തിരുവനന്തപുരം: മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ ആറാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ഏപ്രിൽമമാസത്തിൽ വീടുകയറി അതിക്രമം കാണിക്കുന്ന ഒരാളെ കുറിച്ച് പൊലീസിന് വിവരം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച പ്രതിയും നഗരത്തിൽ വീടുകളിൽ കയറി അതിക്രമം കാണിക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നയാളും രണ്ടുപേരാണെന്നുളള നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. മ്യൂസിയം ജംഗ്ഷനിൽ സ്ത്രീയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടയാള്‍ എംഎൽഎസ് ജംഗ്ഷനിൽ നിന്നും ഇന്നോവ കാറിൽ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലൂടെ മാനവീയം വീഥിയിലൂടെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഒരു പഴയ ഇന്നോവ കാറിലാണ് പ്രതി സഞ്ചരിക്കുന്നത്. വൈകാതെ പ്രതിയിലേക്ക് എത്തിചേരാനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. അതേ സമയം കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്ത്രമംഗലത്തെ നിരവധി വീടുകളിലും ലേഡീസ് ഹോസ്റ്റലുകളിലും, സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന സ്ഥലങ്ങളിലും കയറുന്ന ഒരാളെ കുറിച്ച് നാട്ടുകാർ വിവരം നൽകിയെങ്കിലും ഇയാളെ മ്യൂസിയം പൊലീസ് പിടികൂടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു ദിവസം നാട്ടുകാർക്കൊപ്പം പൊലീസ് തെരച്ചിലിനായി ഇറങ്ങിയതല്ലാതെ പിന്നീട് നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റസിഡസ് അസോസിയേനുകള്‍ നൽകിയ പരാതി പൊലീസ് മുഖവിലക്കെടുത്തില്ല, ചിലർ നേരിട്ട് പരാതിയുമായി പോയെങ്കിലും പൊലീസിൻെറ നിസഹകരിച്ചതിനാൽ പിൻമാറി.
സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും നാട്ടുകാർ ഇട്ടു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ഇയാളെ കണ്ടെത്താൻ വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി. കൊറവൻകോണത്തും, കവടിയാറും സമാന സംഭവങ്ങളുണ്ടായപ്പോള്‍ നാട്ടുകാർ രംഗത്തിറങ്ങി പരാതിപ്പെട്ടു. പക്ഷെ അക്രമിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മ്യൂസിയത്ത് സ്ത്രീക്ക് നേരെ നടന്ന ആക്രണത്തിന് പിന്നാലെ ജനങ്ങള്‍ ഭീതിയിലായതോടെയാണ് പൊലീസ് ഇപ്പോള്‍ അക്രമിയെ തേടിയിറങ്ങിയത്.