മാള : വെണ്ണൂരിലും വലിയപറമ്പിലുമായി സ്കൂട്ടർയാത്രികരായ വീട്ടമ്മയെയും യുവതിയെയും ബൈക്കിലെത്തിയവർ ആക്രമിച്ചു. വെണ്ണൂരിൽ വീട്ടമ്മയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്തു. വലിയപറമ്പിൽ യുവതിയുടെ തലയ്ക്ക് അടിച്ചാണ് കവർച്ചശ്രമം നടത്തിയത്. വെണ്ണൂർ കുന്നത്തുപറമ്പിൽ സുരേഷിന്റെ ഭാര്യ രാധാമണി(50)യുടെ രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്. പിടിവലിക്കിടയിൽ പൊട്ടിയ മാലയുടെ ഒരു ഭാഗം തിരികെ ലഭിച്ചിട്ടുണ്ട്. രാധാമണി ബുധനാഴ്ച രാവിലെ അഞ്ചിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുന്നതിനിടയിലാണ് ബൈക്കിലെത്തിയവർ സ്കൂട്ടറിൽ അടിച്ചുവീഴ്ത്തിയത്. നിലത്തുവീണ രാധാമണിയുടെ മാല കവരുകയായിരുന്നു. പരിക്കേറ്റ രാധാമണി മാള സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കുഴൂർ പാറപ്പുറം സ്വദേശി കോളനിയിൽ മണിയുടെ മകൾ ദേവിക(21)യെ സ്കൂട്ടറിൻറെ പിന്നാലെയെത്തിയവരാണ് പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കുപോകുന്ന അമ്മ ഷീലയെ വലിയപറമ്പിൽ നിന്ന് ബസ് കയറ്റിവിട്ട ശേഷം തിരിച്ച് പോകുമ്പോൾ രാവിലെ ആറോടെയാണ് ദേവികയെ ആക്രമിച്ചത്.
സ്കൂട്ടറിൽ നിന്ന് വീഴാതിരുന്നതിനാൽ ബൈക്കിലെത്തിയവർ നിർത്താതെ പോവുകയായിരുന്നു. തലയിൽ പരിക്കേറ്റ ദേവിക മാള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മാള പോലീസ് കേസെടുത്തു. രണ്ട് മേഖലകളിലെയും നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചുവരുകയാണ്. ഇരു സംഭവങ്ങളിലും പ്രതികൾ ഒരേ ആളുകൾ തന്നെയാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി യാത്ര ചെയ്യുന്നത് നിരീക്ഷിച്ച് ആയിരിക്കാം ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.