കൊൽക്കത്ത∙ ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമിയോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ വൻ സംഘർഷവും വ്യാപക കല്ലേറും. വാഹനങ്ങൾ തകർക്കുകയും റോഡിൽ തീയിടുകയും ചെയ്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉൾപ്പെടെ പങ്കെടുത്ത രാമനവമി ശോഭായാത്രയ്ക്കിടെയാണ് സംഘർഷം. വ്യാഴാഴ്ച, ഹൗറയിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടയിലും രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഹൗറയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. കടകളും മാർക്കറ്റുകളും ഉൾപ്പെടെ തുറന്നുപ്രവർത്തിച്ചു. അക്രമത്തിന് പിന്നിൽ ബിജെപിയും മറ്റ് വലതുപക്ഷ സംഘടനകളുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച ബിജെപി, വിഷയത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ സംബന്ധിച്ച് ഗവർണർ സി.വി.ആനന്ദ ബോസും മമത ബാനർജിയും തമ്മിൽ ചർച്ച നടത്തി.