കൊല്ലം : കൊല്ലം ചിതറയിൽ വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാനൊരുങ്ങി പൊലീസ്. സജീവന്റെ വീട്ടിൽ പോലീസ് സംഘം കടന്നു. നായയെ പരിശീലിപ്പിക്കുന്നവരുടെ സഹായത്തോടെ അഴിച്ചു വിട്ടിരുന്ന ഒരു നായയെ പോലീസ് മാറ്റി. ഫയർ ഫോഴ്സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ പ്രതി നായയും വടിവാളും കൊണ്ട് വന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടിൽനിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്. സമാനരീതിയിൽ മുമ്പും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.