ന്യൂഡൽഹി : വിരാട് കോലിയ്ക്ക് വിശ്രമം ആവശ്യമാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. രണ്ട് മൂന്ന് മാസത്തേക്ക് കോലി സജീവ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ കോലി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടി വിശ്രമമെടുക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. കോലി സജീവക്രിക്കറ്റിൽ നിന്ന് മൂന്ന് മാസത്തേക്കെങ്കിലും വിട്ടുനിൽക്കണം. അദ്ദേഹത്തിന് ഇപ്പോൾ 33 വയസ്സാണ് പ്രായം. ഇനിയും അഞ്ചുവർഷം നന്നായി കളിക്കാനുള്ള അവസരമുണ്ട്. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോലി വിശ്രമമെടുക്കണം. ഒരു ഇടവേള എടുത്താൽ ബാറ്റിങ്ങിൽ കരുത്താർജിജിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചെത്താൻ കോലിയ്ക്ക് സാധിക്കും. കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും- ശാസ്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ നായകനായ കോലി സമീപകാലത്തായി വലിയ സ്കോർ കണ്ടെത്തിയിരുന്നില്ല. 2019 ന് ശേഷം താരത്തിന് ഒരു സെഞ്ചുറി പോലും നേടാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് അർധസെഞ്ചുറി നേടി ഫോം തെളിയിച്ചെങ്കിലും പഴയകാല ഫോമിന്റെ നിഴലിലാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ കോലി. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ട്വന്റി 20 പരമ്പരകളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.