ക്രിക്കറ്റ് കരിയറിൽ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പമെത്താൻ സൂപ്പർതാരം വിരാട് കോഹ്ലിയും. ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ എവേ മത്സരത്തിൽ പിതാവിനും മകനുമൊപ്പം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്.
വെസ്റ്റിൻഡീസിനെതിരെ ബുധനാഴ്ച നടക്കുന്ന ആദ്യ ടെസ്റ്റിൽ താരം ഈ നേട്ടം സ്വന്തമാക്കും. 2011ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ സൂപ്പർതാരം ശിവനാരായണൻ ചന്ദ്രപോളിനെതിരെ കോഹ്ലി കളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ നിലവിൽ വിൻഡീസ് ടീമിലുണ്ട്.
സചിനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 2011ൽ ആസ്ട്രേലിയൻ താരം ഷോൺ മാർഷിനെതിരെ കളിച്ച സചിൻ, അതിനും 19 വർഷം മുമ്പ് അദ്ദേഹത്തിന്‍റെ പിതാവ് ജെഫ് മാർഷിനൊപ്പവും കളിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. 2023-25ലെ ലോക ചാമ്പ്യൻഷിപ് സൈക്കിളിൽ ഇന്ത്യയുടെ പോരാട്ടവും വെസ്റ്റിൻഡീസിനെതിരായ പരമ്പരയോടെ ആരംഭിക്കുകയാണ്.
വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാര, പേസർ മുഹമ്മദ് ഷമി തുടങ്ങിയവരില്ലാത്ത സംഘമാണ് വിൻഡീസിൽ പര്യടനം നടത്തുന്നത്. ബാറ്റർമാരായ യശസ്വി ജയ്‍സ്വാളും ഋതുരാജ് ഗെയ്ക്‍വാദും ടെസ്റ്റ് അരങ്ങേറ്റ പ്രതീക്ഷയിലാണ്. ഫോം കണ്ടെത്താൻ വലയുന്ന സീനിയർ താരങ്ങളുടെ ടെസ്റ്റ് ഭാവി തീരുമാനിക്കുന്നതിലും പരമ്പരയിലെ പ്രകടനം നിർണായകം.