ന്യൂഡൽഹി: ബി.ജെ.പിയുടെ ഡൽഹി ഘടകം പ്രസിഡന്റായി വീരേന്ദ്ര സച്ച്ദേവയെ നിയമിച്ചു. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ കനത്ത പരാജയത്തിനു പിന്നാലെ ആദേശ് ഗുപ്ത ബി.ജെ.പി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് പുതിയ നിയമനം.
അടുത്ത വർഷമായിരുന്നു ആദേശ് ഗുപ്തയുടെ കാലാവധി അവസാനിക്കുക. നിലവിൽ ബി.ജെ.പിയുടെ ഡൽഹി ഘടകം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു സച്ച്ദേവ. ആദേശ് ഗുപ്തയുടെ രാജിക്കത്ത് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ സ്വീകരിച്ചിരുന്നു.
മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ നേതൃതലത്തിൽ അഴിച്ചുപണി വേണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ശക്തമായതും ഫലപ്രദമായതുമായ നേതൃത്വം വേണമെന്നായിരുന്നു ആവശ്യമുയർന്നത്.
2020 ജൂണിലാണ് ആദേശ് ഗുപ്ത പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 250 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 134സീറ്റ് നേടിയാണ് ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. ബി.ജെ.പിക്ക് 104 സീറ്റുകളാണ് ലഭിച്ചത്. 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ഭരണം നടത്തിയത് ബി.ജെ.പിയായിരുന്നു.