തേവാരം : വിഷുവും ഈസ്റ്ററുമൊക്കെ എത്തിയെങ്കിലും തമിഴ്നാട്ടിൽ ഇത്തവണ പച്ചക്കറിക്ക് കാര്യമായ വില വർദ്ധനവ് ഉണ്ടായിട്ടില്ല. ഉൽപ്പാദത്തിലുണ്ടായ വർധനവാണ് വില ഇടിയാൻ കാരണം. മലയാളികൾ അധികം ഉപയോഗിക്കുന്ന വെണ്ടക്ക, പടവലം, അച്ചിങ്ങപ്പയർ എന്നിവക്ക് മാത്രമാണ് വിഷുക്കാലത്ത് വില കൂടിയത്. തേവാരത്തെ പച്ചക്കറി മൊത്തച്ചന്തയിൽ ഇന്നലെ പതിനഞ്ചു കിലോയുടെ ഒരു പെട്ടി തക്കാളി ലേലത്തിൽ വിറ്റത് 140 രൂപക്കാണ്. ഏറ്റവും കൂടിയ വില 180 രൂപയും. കത്രിക്ക ഒരു കിലോയ്ക്ക് എട്ടു രൂപയും. വിഷുവിനെ കണിയൊരുക്കാനുള്ള വെള്ളരിക്ക് കിലോയ്ക്ക് നാലു രൂപയാണ് മൊത്തവില. ഒരു മാസത്തോളമായി പച്ചക്കറിക്ക് തമിഴ്നാട്ടിൽ വിലക്കുറവാണ്. വിഷുക്കാലമെത്തിയപ്പോൾ ചുരുക്കം ചിലതിനു മാത്രം വിലകൂടി.
തമിഴ്നാട്ടിലെ ചില്ലറ വിൽപ്പന ചന്തകളിലും വില കാര്യമായി ഉയർന്നിട്ടില്ല. കമ്പത്തെ കർഷക മാർക്കറ്റിലെ വില കുറവാണ്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ എല്ലായിട്ടത്തും ഉൽപ്പാദനം കൂടി. കമ്പത്തെ മാർക്കറ്റിൽ മാത്രം ഇന്നലെ ചില്ലറ വിൽപ്പനക്ക് എത്തിയത് 35 ടൺ പച്ചക്കറി. പക്ഷേ പടവലങ്ങയും, വെണ്ടക്കയും, അച്ചിങ്ങയും കിട്ടാനില്ലായിരുന്നു. എല്ലാം കേരളത്തിലേക്ക് കൊണ്ടു പോയെന്നാണ് കച്ചവർക്കാർ പറഞ്ഞത്.