കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 6 വരെ പടക്കം പടക്കങ്ങൾ പൊട്ടിക്കരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്ത് ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയിൽ വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷുവിന് വീടുകളിൽ പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം വീടുകളിലും പടക്കം പൊട്ടിക്കുന്നതിനാൽ ഇതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കൽ നിയന്ത്രിക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.