കൊല്ലം : മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും. വിധിയില്‍ സന്തോഷമുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. വിതുമ്പലോടെയാണ് ശിക്ഷാവിധി വിസ്‍മയയുടെ അമ്മ കേട്ടത്. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്ന് സഹോദരന്‍ വിജിത്ത് വിധിയോട് പ്രതികരിച്ചു.
വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധിച്ചത്. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ് കിരണ്‍ കുമാറിനെതിരെ തെളിഞ്ഞത്. 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നിവയാണ് കിരണ്‍ കുമാറിനെതിരെ തെളിഞ്ഞത്.
ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പായി. ശിക്ഷ നാളെ വിധിക്കും. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.