കൊല്ലം : കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വഴിത്തിരിവ്. കേസിലെ പ്രതിയായ ഭർത്താവ് കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് ഇന്ന് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകിയത്. കുറിപ്പ് താൻ വീട്ടിലെത്തിയ ഒരു പൊലീസുകാരന് കൈമാറിയെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.
നേരത്തെ വിസ്മയയുടെ മരണസമയത്ത് പോലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു. എന്നാലിപ്പോൾ ആത്മഹത്യാകുറിപ്പ് പോലീസിന് കൈമാറിയെന്നാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.