കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയ്ക്കും കമ്മീഷൻ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഇത് സംബന്ധിച്ച വിവരങ്ങൾ കമ്മീഷന് സമർപ്പിക്കാൻ നോട്ടീസിൽ ആവശ്യപ്പെടുന്നു.
കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഏതൊക്കെയെന്ന് വിശദമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങൾക്ക് പുറമെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ കത്ത് വഴിയോ നേരിട്ടോ മറ്റ് മാർഗങ്ങളിലോ റിപ്പോർട്ട് സമർപ്പിക്കണം. അല്ലെങ്കിൽ സിവിൽ കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ മൂന്ന് ഉദ്യോഗസ്ഥരോടും ദേശീയ പട്ടിക വർഗ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് പത്രവാർത്തകളെ അടിസ്ഥാനമാക്കിയാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെയെന്നും വിശ്വനാഥന്റെ ഭാര്യാ മാതാവ് ലീല ആരോപിച്ചിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.