ന്യൂഡൽഹി : ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ ഇന്ത്യയിലെ രണ്ട് ഡയറക്ടർമാർ രാജ്യം വിട്ടുവെന്ന സൂചനകൾക്കിടെ, വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപയാണ് മരവിപ്പിച്ചത്. രാജ്യവ്യാപകമായി 48 സ്ഥലങ്ങളിലെ വിവോ ഓഫിസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. മാത്രമല്ല, നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വിറ്റുവരവ് ചൈനയിലേക്കു മാറ്റിയെന്നും ഇഡി കണ്ടെത്തി.
വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസുകൾക്കു പുറമെ ഇവരുമായി ബന്ധപ്പെട്ട 23 സഹ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളിൽനിന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം (പിഎംഎല്‍എ) രണ്ടു കിലോ സ്വർണക്കട്ടികളും 73 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.
നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വിവോയ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് ഇന്ത്യയിലെ രണ്ട് ഡയറക്ടർമാർ രാജ്യംവിട്ടതായി റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇരുവരും ചൈനീസ് പൗരന്‍മാരാണ്.
കശ്മീരിൽനിന്നുള്ള ഒരാളുടെ പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിബിഐയും വിവോയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജരേഖ ചമച്ച് ഇയാളുടെ സ്ഥാപനത്തിൽ മുതൽമുടക്കു നടത്തി കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളില്‍ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുംം ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം.
ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷവോമി കോർപറേഷന്റെ ഓഫിസുകളിലും ഇഡി അടക്കമുള്ള ഏജന്‍സികള്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി അടക്കി വാഴുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളും അവയുടെ സബ് ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമുള്ളത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.