വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ് (29) അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടിൽ താമസക്കാരിയുമായ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്.
പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ അശ്വതി കൃഷ്ണ ജോലി വാഗ്ദാനം നൽകിയും വീട് വെക്കാൻ ലോൺ ഏർപ്പാടാക്കി തരാമെന്ന് വിശ്വസിപ്പിച്ചും കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെ പല തവണയായി പരാതിക്കാരിയിൽനിന്നും ഭർത്താവിൽനിന്നും 1.60 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. ഏഴു ലക്ഷം രൂപയുടെ ലോൺ പാസായെന്ന് പറഞ്ഞ് വ്യാജ ചെക്ക് നൽകിയും പണം തട്ടിയെടുത്തു.
ചെക്ക് മടങ്ങിയതോടെയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ഭർത്താവുമായി അകന്ന് കഴിയുന്ന അശ്വതി സമീപത്തെ സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടയിൽ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകൾ കാണിച്ചാണ് പൊലീസിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നതത്രെ.