തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ ചെലവുകൾക്കായി സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ ധാരണ. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്‌പയെടുക്കേണ്ട തുക നിശ്ചയിച്ച് അന്തിമ നടപടികളിലേക്ക് കടക്കുന്നത്. അദാനി ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കിയതോടെ വയബിളിറ്റി ഗ്യാപ് ഫണ്ട് കൂടി വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാനം തുടങ്ങി.
പുലിമുട്ട് നിർമാണ ചെലവിന്റെ 25 ശതമാനമായി സംസ്ഥാനം നൽകേണ്ടത് 347 കോടിയാണ്. റെയിൽവേ പദ്ധതിക്കായി സംസ്ഥാനം 100 കോടി നൽകണം. സ്ഥലമേറ്റെടുപ്പിനായുള്ള 100 കോടിയും നൽകാനുണ്ട്. ആകെ 550 കോടി സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കാനാണ് ധാരണ. ഹഡ്കോ വായ്പ വൈകുന്നതിനാൽ സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കാനുള്ള നടപടി സർക്കാർ നേരത്തെ തുടങ്ങിയിരുന്നു.
മാർച്ച് അവസാനത്തോടെ പുലിമുട്ട് നിർമാണ ചെലവിന്റെ ആദ്യ ഗഡു അദാനി ഗ്രൂപ്പിന് കൈമാറേണ്ട സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. ആകെ 3400 കോടിയാണ് ഹഡ്കോയിൽ നിന്ന് തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1170 കോടി രൂപയും ചെലവഴിക്കുക, തുറമുഖത്തോട് അനുബന്ധിച്ച റെയിൽവേ പദ്ധതിക്കായാണ്.
സ്വപ്ന പദ്ധതി വേഗത്തിലാക്കാനുള്ള ഊർജ്ജിത നടപടികളിലാണ് കേരളം. വയബിളിറ്റി ഗ്യപ് ഫണ്ടിനത്തിൽ കേന്ദ്രം അദാനി ഗ്രൂപ്പിന് നൽകേണ്ടത് 818 കോടിയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ടായി കേരളം നൽകേണ്ടത് 400 കോടി രൂപയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാർ അടക്കം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. ഇത് കൂടി കണക്കിലെടുത്താണ് ഹഡ്കോ വായ്പ.