തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരത്തിന്റെ 14 ാം ദിനം ആണ് ഇന്ന്. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല.
അതിനിടെ പോരാട്ടം ഹൈക്കോടതിയിലേക്കും നീളുകയാണ്. അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.
അതേസമയം തന്നെ സമരം വീണ്ടും ശക്തമാക്കാനുള്ള നീക്കത്തിലാണ് ലത്തീൻ അതിരൂപത. തീരത്ത് ജീവിക്കാനും മീൻപിടിക്കാനുമുള്ള അവകാശം സംരക്ഷിക്കാനായി നിയമപരിരക്ഷ തേടുമെന്ന ആർച്ച് ബിഷപ്പിന്റെ സർക്കുലർ ഇന്നലെ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ നിശ്ചയിച്ചിരുന്ന മന്ത്രിതല ചർച്ചയിൽ ലത്തീൻ അതിരൂപത പ്രതിനിധികൾ പങ്കെടുത്തുമില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടാത്തത് കൊണ്ടാണ് ചർച്ചയിൽ പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. മൂന്നാം വട്ട മന്ത്രിതല ചർച്ചയാണ് ഇന്നലെ സമരക്കാരുമായി നിശ്ചയിച്ചിരുന്നത്. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും ആന്‍റണി രാജുവും ചർച്ചയ്ക്ക് എത്തിയിട്ടും ലത്തീൻ അതിരൂപത പ്രതിനിധികൾ ചർച്ചയ്ക്കെത്തിയില്ല. തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യം രാജ്യതാത്പര്യത്തിന് എതിരാണെന്നും ഒരു സംസ്ഥാനത്തിന് മാത്രമായി ഇത് തീരുമാനിക്കാനാവില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ തന്നെ സ്വകാര്യമായി കാണാനാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണിച്ചത് എന്നും സർക്കാരിന്റെ തന്ത്രങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നുമാണ് അതിതൂപത വികാർ ജനറൽ പ്രതികരിച്ചത്.