തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആകെ നിർമാണ ചെലവ് 8,867.14 കോടി രൂപയെന്ന് മന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സർക്കാർ -5595.34 കോടി രൂപ, കേന്ദ്ര സർക്കാർ-817.80, എ.വി.പി.പി.എൽ- 2454 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്. ജൂണോട് കൂടെ പരീക്ഷണ അടിസ്ഥാന ത്തിൽ (ട്രയൽ ഓപ്പണിങ്) പ്രവർത്തനം തുടങ്ങുവാനും. ആവശ്യമായ ക്ലയറൻസ് ലഭിക്കുന്ന പക്ഷം ഒക്ടോബർ – ഡിസംബർ മാസങ്ങൾക്കിടയിൽ പൂർണമായി വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്തുവാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു.
ഒന്നാംഘട്ടത്തിൽ 800 മീറ്റർ നീളമുള്ള ബർത്തിന്റെ നിർമാണമാണ് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരേ സമയം രണ്ട് കപ്പലുകളാണ് അടുപ്പിക്കുവാൻ കഴിയുന്നത്. തുറമുഖത്തിനായുള്ള 220 കെ.വി സബ്സ്റ്റേഷൻ, 33 കെ.വി സബ്സ്റ്റേഷൻ, പോർട്ട് ഓപ്പറേഷൻ കെട്ടിടം, ഗേറ്റ് കോംപ്ലക്സ്, സെക്യൂരിറ്റി ബിൽഡിങ് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ വരവോടു കൂടി കുറഞ്ഞ ചെലവിൽ നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്യുവാനുള്ള സാധ്യതകൾ മുൻനിർത്തി നിർമാണ മേഖലയിലും വൻ പുരോഗതി പ്രതീക്ഷിക്കുന്നു. ദുബായ്, സിംഗപ്പൂർ മുതലായ തുറമുഖങ്ങൾക്കനുബന്ധമായി ഉണ്ടായിട്ടുള്ള നിർമാണക്കുതിപ്പ് ഇതാണ് സൂചിപ്പിക്കുന്നത്. എല്ലാ അന്താരാഷ്ട്ര തുറമുഖങ്ങൾക്കനുബന്ധമായും വ്യവസായികവും തൊഴിൽപരവും നിർമ്മാണപരവുമായ ഉണർവുണ്ടാവും.
അതുവഴി സമീപമേഖലയിലെ സാധാരണക്കാരുടെയുൾപ്പെടെ ജീവിത സാഹചര്യം വൻ തോതിൽ മെച്ചപ്പെടും. ഔട്ടർ ഏര്യ ഗ്രോത്ത് കോറിഡോർ, ഔട്ടർ റിങ് റോഡ് മുതലായവ വിഭാവനം ചെയ്ത് തുറമുഖ നിർമാണം മൂലമുള്ള നേട്ടങ്ങൾ പരമാവധി ഈ മേഖലയിൽ പ്രയോജനപ്പെടുത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായുള്ള പ്രാഥമികാനുതികളും നൽകിക്കഴിഞ്ഞു.
ഔട്ടർ റിങ് റോഡ് പദ്ധതി നാവായിക്കുളം മുതൽ വിഴിഞ്ഞം വരെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകൾക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റർ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യ ശാലകളും സ്ഥാപിക്കപ്പെടുന്നതോടു കൂടി തിരുവനന്തപുരത്തിൻ്റെ മുഖഛായ തന്നെ മാറുന്ന ബൃഹത് പദ്ധതിയാണിത്.
വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി- ഇറക്കുമതി വർധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുവാൻ വിഭാവനം ചെയ്യുന്നു. ഇത് 50 ലക്ഷം വരെ ഉയർത്തുവാനും ഇതിൻ്റെ തുടർ ഘട്ടങ്ങൾ പൂർത്തിയാകുന്നതോടു കൂടി സാധിക്കുന്നതാണ്. കണ്ടെയ്മറൊന്നിന് ശരാശരി ആറ് പ്രവർത്തി ദിനങ്ങൾ തുറമുഖത്തിന് അകത്തും പുറത്തും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പല വികസിത നഗരങ്ങളുടെയും വളർച്ചയ്ക്കു പിന്നിൽ അതിനു സമീപത്തായുള്ള തുറമുഖമാണ പ്രവർത്തിച്ചിട്ടുള്ളത്. കൊച്ചി നഗരത്തിന്റെ വളർച്ചയും കൊച്ചി തുറമുഖത്തിൻ്റെ ചുവട് പിടിച്ചായിരുന്നു. ഇത്തരത്തിൽ വൻ വികസന വിപ്ലവം വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടു കൂടി തിരുവനന്തപുരത്തും സംഭവിക്കുന്നതാണ്. ഇത് കേരളമാകെ മാറ്റത്തിന് വഴിയൊരുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.