തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരം പതിമൂന്നാം ദിനത്തിലേക്ക്. സന്യസ്ത സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പ്രാർഥനാ ദിനമായി ആചരിക്കുകയാണ്. നാളെ വീണ്ടും കടൽ മാർഗവും കരമാർഗവും വിഴിഞ്ഞം തുറമുഖം ഉപരോധിക്കാൻ ആണ് തീരുമാനം.
ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തിൽ വീഴരുതെന്നുമുള്ള സർക്കുലർ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിക്കും. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയുടെ സർക്കുലർ ആണിത്.
തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും ഇതുറപ്പാക്കാൻ നിയമപരമായ സംരക്ഷണം തേടുമെന്നും സർക്കുലറിലുണ്ട്. ഉപരോധ സമരം തുടരുന്നതും വിജയം കാണും വരെ പോരാടണമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം സമരക്കാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച നടക്കും. വൈകീട്ട് ആറ് മണിക്കാണ് ചർച്ച. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. മുഖ്യമന്ത്രിയുമായുള്ള ചർച്ച ഫലം കാണാത്തതിന് പിന്നാലെയാണ് മന്ത്രിതല ഉപസമിതിയുമായി വീണ്ടും ചർച്ച നടത്തുന്നത്.
അതേസമയം തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് .ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നും മെത്രാൻ സമിതി കൊച്ചിയില്‍ ആവശ്യപെട്ടു. തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ലത്തീൻസഭയുടെ പൂർണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖസമരം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാർ ഇന്നലേയും ബാരിക്കേഡ് തകർത്ത് അകത്ത് കടന്ന് കൊടികുത്തി. മര്യനാട്, വെട്ടുതുറ,പുത്തൻതോപ്പ്, ഫാത്തിമാപുരം,സെന്റ് ആൻഡ്രൂസ് എന്നീ ഇടവകയിലെ ആളുകളാണ് ഇന്നലെ പ്രതിഷേധവുമായി എത്തിയത്. സമരത്തിന് അഭിവാദ്യമർപ്പിച്ച് കുമാരപുരം ഇടവകയിൽ നിന്നും പേട്ട ഫെറോനയിൽ നിന്നും ആളുകളെത്തി. തുറമുഖനിർമാണം നിർത്തണമെന്ന ആവശ്യം അംഗികരിക്കും വരെ സമരം ശക്തമായി തുടരാനാണ് സമരസമിതിടെ തീരുമാനം