തിരുവനന്തപുരം> പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകൾ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കത്തെ പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സംരക്ഷണം ഡിവൈഎഫ്ഐ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ സമയത്തെ വിദ്യാഭ്യാസ ബന്ദ് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു. കെഎസ്‌യു തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചന ഉണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.