ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കോടനാട് എസ്‌റ്റേറ്റിലെ കൊള്ള, കൊലപാതക കേസില്‍ ജയലളിതയുടെ തോഴി വി.കെ ശശികലയെ തമിഴ്‌നാട് പോലീസിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പോലീസ് ശശികലയുടെ ചെന്നൈയിലെ ടി.നഗറിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്.2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊള്ളയടിക്കപ്പെട്ടത്. എസ്റ്റേറ്റിൽ ഉണ്ടായിരുന്ന വസ്തുവകകളും രേഖകളും എന്തൊക്കെ എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്.
2017 ഏപ്രിൽ 24ന് രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്‍റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവിലായിരുന്നു. ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനൽ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്. സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും കെ.വി.സൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡി.ടി.പി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തു.
ഇതോടെ പൊലീസിന് തലവേദനയായ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ അഴിമതി കേസില്‍ ശശികല ജയിലിലായിരുന്നുവെങ്കിലും പിന്നിൽ ശശികലയാണെന്ന ആരോപണം ശക്തമായിരുന്നു. ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം.