മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സഹായിയായ പ്രതിരോധ ഉദ്യോഗസ്ഥ കെട്ടിടത്തിന്റെ 16ാം നിലയിൽ നിന്ന് വീണു മരിച്ചു. റഷ്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്ന മരീന യാൻകിനയാണ് (58) മരിച്ചത്. യുക്രെയ്നിലെ റഷ്യയുടെ ആക്രമണത്തിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു ഇവരുടെ പ്രധാന ചുമതല.
സെന്റ് പീറ്റേഴ്സ്ബർഗിലെ കലിനിസ്കി മേഖലയിൽ റെസിഡൻഷ്യൽ കോംപ്ലക്സിന്റെ പേവ്മെന്റിൽ ബുധനാഴ്ച രാവിലെ എട്ടിനു മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. മരീനയുടെ ഭർത്താവിന്റെ അപ്പാർട്മെന്റാണ് ഇവിടെയെന്നു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു.
റഷ്യയുടെ അഞ്ച് ജ്യോഗ്രഫിക്കൽ ബറ്റാലിയനുകളിൽ വെസ്റ്റേൺ മിലിറ്ററി ഡിസ്ട്രിക്ടിന്റെ ഫിനാൻസ് ഡയറക്ടറായിരുന്നു മരീന. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനിടെ മരിച്ച റഷ്യൻ ഉന്നതരിൽ ഏറ്റവും പുതിയയാളാണ് മരീന. പുടിൻ അടുത്തിടെ പുറത്താക്കിയ റഷ്യൻ ജനറൽ മേജർ ജനറൽ വ്ലാദിമിർ മകരോവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് മരീനയുടെ മരണം.