തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സംസ്ഥാനത്ത് ശക്തമായ ബോധവത്കരണം നടത്തുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. എൻസിസി സ്റ്റുഡൻസ് പൊലീസ് എന്നിവരടക്കം ഉള്ളവരെ ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടി നടത്തും. സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. അതോടൊപ്പം ലഹരി മരുന്ന് കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന വ്ലോഗറുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്ത് വന്ന സംഭവത്തിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റിലായ വ്ലോഗറുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി എക്സൈസ് വിഭാഗത്തിന്റെ കസ്റ്റഡിയിലിരിക്കെ എക്സൈസ് ഓഫീസിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ കേസിലാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയിരിക്കുന്നത്. എക്സൈസ് വിജിലൻസ് എസ് പിക്കാണ് അന്വേഷണ ചുമതല. സംസ്ഥാന എക്സൈസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.