കോഴിക്കോട്: കേരളത്തിൽ രാഷ്ട്രീയ നോമിനികളായി സർവകലാശാല വിസിമാരിൽ ചിലർ വരുന്നുവെന്ന് വിഎം സുധീരൻ. സർവകലാശാലകളിൽ കേന്ദ്രം കാവിവത്കരണം നടത്തുകയാണെങ്കിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ രംഗത്ത് ചുവപ്പ്‌വത്കരണം നടത്തുകയാണ്. വിദ്യാർത്ഥി സംഘടനാ രംഗത്ത് വികലമായ ധാരണ ഉണ്ടാക്കാൻ മാത്രമാണ് എസ്എഫ്ഐക്ക് കഴിഞ്ഞതെന്നും മുതിർന്ന കോൺഗ്രസ് നേതാവായ വിഎം സുധീരൻ വിമർശിച്ചു. കോഴിക്കോട് കെഎസ്‌യുവിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐ നടത്തിയ വികലമായ ഇടപെടലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട കോളജിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് തന്നെ നാണക്കേടായി ഈ നടപടി മാറി. കാട്ടാക്കട കോളേജിലെ സംഭവം മൂടി വെയ്ക്കാൻ മാത്രമാണ് സ സംഘടനയും സർക്കാരും ശ്രമിച്ചത്. എന്നും വിദ്യാർഥികൾക്ക് ഒപ്പം നിന്നത് കെഎസ്‌യു മാത്രമാണ്. കെഎസ്‌യു സംഘടന സംവിധാനം പഴയ രീതിയിലേക്ക് തിരിച്ച് പോകണം. മുകളിൽ നിന്ന് ഒരു ഇടപെടലും ഉണ്ടാകണം. സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനം ആയി നിലനിർത്തണം. നേതൃത്വത്തെ വിദ്യാർത്ഥികൾ തന്നെ തെരഞ്ഞടുക്കുന്ന രീതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പക്ഷേ സർക്കാർ അത് ചെയ്യില്ല. ലഹരിയുടെ ഏറ്റവും വലിയ വിൽപനക്കാർ സർക്കാർ തന്നെയാണ്. എല്ലായിടത്തും മദ്യം എത്തിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മദ്യത്തെ കുറിച്ച് സര്ക്കാര് ഒരിക്കലും ചർച്ച ചെയ്യില്ല. സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിന് എതിരെ കോടതിയും നിലപാട് എടുക്കുന്നില്ല. താൻ നൽകിയ റിട്ട് ഹർജിയിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജനങ്ങളുടെ രക്ഷക്ക് ഇടപെടേണ്ട ഭരണകൂടവും ജുഡീഷ്യറിയും അത് ചെയ്യുന്നില്ല. ഭരണ കർത്താക്കൾ തെറ്റ് ചെയ്യുമ്പോൾ ഇടപെടേണ്ടത് ജുഡീഷ്യറിയാണെന്നും അദ്ദേഹം പറഞ്ഞു.