കൊല്ലം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണം. ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നും വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്തില്ല എന്നാണ് വ്യകതമാകുന്നത്. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണെന്നും മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം കോൺഗ്രസ് മുന്നോട്ടു പോകാനാണെന്നും വിഎം സുധീരൻ പറഞ്ഞു. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം. ഒരു കാരണവശാലും പങ്കെടുക്കരുത്. ജനാധിപത്യം മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയും ചടങ്ങിൽ പങ്കെടുക്കരുത്. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോണം. കോൺഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും സുധീരൻ പറഞ്ഞു.