ചെന്നൈ: ബിജെപി പദയാത്രയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ പതാക കണ്ടതിൽ വിശദീകരണവുമായി വിഎംഐ. അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ലെന്ന് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വ്യക്തമാക്കി. പദയാത്രയിൽ പങ്കെടുത്തവർ വിജയ് ആരാധക കൂട്ടായ്മയുടെ ഭാഗമല്ല. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ആണ് നിലപാട് വ്യക്തമാക്കിയത്. അതേ സമയം നടൻ വിജയ്ന്‍റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മ ദളപതി വിജയ് മക്കൾ ഇയക്കം വീണ്ടും യോഗം ചേർന്നു. യോഗത്തിൽ വിജയ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. യോഗത്തിൽ ഏറ്റവും പ്രധാനമായെടുത്ത തീരുമാനം സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങുക എന്നതാണ്. അഭിഭാഷകർ കൂടിയുള്ള യോഗത്തിലാണ് പുതിയ നീക്കത്തിനുള്ള തീരുമാനം. വിജയുടെ നിർദേശപ്രകാരമാണ് സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം യോഗത്തിലെടുത്തതെന്ന് ദളപതി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ വ്യക്തമാക്കി.
കഴിഞ്ഞ മാസം ചേർന്ന ദളപതി വിജയ് മക്കൾ ഇയക്കം യോഗത്തിൽ കര്‍ഷകരെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ആരാധക കൂട്ടായ്മ മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് അന്ന് തീരുമാനിച്ചത്. ഒരോ മണ്ഡലത്തില്‍ നിന്നും വിജയ് സംഘടനാ ഭാരവാഹികള്‍ അര്‍ഹരായ കര്‍ഷകരെ കണ്ടെത്തണം എന്ന് ആദ്യം തന്നെ വിജയ് നിര്‍ദേശിച്ചിരുന്നു.കൂടാതെ നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനുള്ള നീക്കവും വിജയ് നേരത്തെ ആരംഭിച്ചിരുന്നു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും. ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിർത്താൻ കാമരാജ് മാതൃകയിലുള്ള പദ്ധതികളാണ് ദളപതി വിജയ് മക്കൾ ഇയക്കം ആവിഷ്കരിക്കുന്നത്.234 നിയോജക മണ്ഡലങ്ങളിലെ 10, 12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങളുമായി ദളപതി വിജയ് മക്കൾ ഇയക്കം മുന്നോട്ട് പോകുന്നത്. തത്ക്കാലം സിനിമയിൽ തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും നിയോജക മണ്ഡല അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ വഴി രാഷ്ട്രീയ പ്രവേശന നീക്കങ്ങളുമായി വിജയ് മുന്നോട്ട് പോകുന്നുവെന്നാണ് വ്യക്തമാകുന്നത്.