ദില്ലി: രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട് ടെലികോം കമ്പനികളും ട്രായ്‌ക്ക് മറുപടി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും പ്രതിനിധികൾ 2022 ഒക്ടോബറിൽ ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു.
നിലവിൽ രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ജിയോയുടെയും എയര്ടെലിന്റെയും 5ജി സേവനങ്ങൾ ലഭ്യമാണ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വിഐ 5ജി സേവനങ്ങൾ നല്കുന്നത്. ഉപഭോക്താക്കൾക്ക് യോഗ്യമായ 4ജി പ്ലാനുകൾ നൽകുന്നതിനാൽ തങ്ങളുടെ 5ജി സേവനങ്ങൾ സൗജന്യമായി നല്കുന്നില്ലെന്ന് എയർടെല്ലും ജിയോയും അവകാശപ്പെടുന്നതായി ട്രായ് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് “എയർടെൽ 5G പ്ലസ്” വേഗതയേറിയ ഇന്റർനെറ്റ് ഡാറ്റാ പരിധിയില്ലാതെ ആസ്വദിക്കാമെന്ന് പ്രഖ്യാപിച്ച് എയർടെൽ രംഗത്തെത്തിയിരുന്നു
നിലവിൽ, ട്രായിയുടെ ലീഗൽ ടീമും ഫിനാൻസ് ടീമും ടെക്നിക്കൽ ടീമും വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ട്രായ് ഉദ്യോഗസ്ഥർ പറയുന്നത്. 2016-ൽ ജിയോ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി കൊള്ളയടിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് എയർടെല്ലും വിഐയും ആരോപിച്ചിരുന്നു. എല്ലാ ടെലികോം കമ്പനികളും ഇപ്പോൾ അവരുടെ പ്ലാനുകൾക്കൊപ്പം സൗജന്യ കോളിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള താൽക്കാലിക സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള ആനുകൂല്യങ്ങൾ ഇപ്പോൾ നിരവധി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഉൾപ്പെടുന്നുണ്ട് എന്നതും വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ചൂണ്ടിക്കാട്ടി.
ജിയോസിനിമ പ്ലാറ്റ്‌ഫോമിൽ അന്യായമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതായി എയർടെൽ അടുത്തിടെ ആരോപിച്ചിരുന്നു. ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിനിടെ, ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണാൻ ജിയോ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതായിരുന്നു അതിലെ പ്രധാന ആരോപണം. എന്നാൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി എയർടെല്ലിന്റെ പരാതി തള്ളിക്കളയുകയും “ഉപഭോക്താക്കൾക്ക് ന്യായമായ താരിഫുകൾ” കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയുമാണ് ചെയ്തത്.