കൊച്ചി: ദേശീയ ഗെയിംസിൽനിന്ന് വോളിബാൾ മത്സരം ഒഴിവാക്കിയതിൽ ഹൈകോടതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. ഒഴിവാക്കാൻ കാരണം വാക്കാൽ ആരാഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർന്നാണ് നോട്ടീസ് നൽകാൻ ഉത്തരവായത്. റോളി പഥക് ഉൾപ്പെടെ നാല് കേരള വോളിബാൾ താരങ്ങളും പുരുഷ, വനിത ടീം കോച്ചുമാരുമടക്കം നൽകിയ ഹരജിയാണ് പരിഗണിച്ചത്. ഒളിമ്പക് അസോസിയേഷന് പുറമെ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അഡ്ഹോക് കമ്മിറ്റി, സംസ്ഥാന സ്പോർട്സ് കൗൺസിൽ തുടങ്ങിയവരോടും വിശദീകരണം തേടി. ഹരജി ശനിയാഴ്ച പരിഗണിക്കും.
ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വോളിബാൾ ഉൾപ്പെടുത്തേണ്ടെന്ന് അഡ്ഹോക് കമ്മിറ്റി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ശിപാർശ നൽകിയതായി അറിയുന്നുവെന്ന് ഹരജിയിൽ പറയുന്നു. ഈ തീരുമാനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവും വിവേചനപരവുമാണ്. വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം പല കാരണങ്ങളാൽ കേന്ദ്ര സ്പോർട്സ് മന്ത്രാലയം പുതുക്കിയിരുന്നില്ല.