ദില്ലി : കോൺഗ്രസിനെ കടന്നാക്രമിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുമെന്ന് മായാവതി പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന സൂചന നല്‍കിയ ശേഷം പ്രിയങ്ക പിന്നോട്ട് പോയത് ആയുധമാക്കുകയാണ് ബിഎസ്പി അദ്ധ്യക്ഷ മായാവതി. കോൺഗ്രസിന്‍റെ അവസ്ഥ എന്തെന്ന് തെളിയിക്കുന്നതാണ് പ്രിയങ്കയുടെ നിലപാട് മാറ്റമെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസിന് വോട്ട് നല്‍കി പാഴാക്കരുത്. ബിജെപിയെ പുറത്താക്കുകയാണ് ഇപ്പോൾ വേണ്ടത്. കോൺഗ്രസ് എന്നാൽ വോട്ട് ഭിന്നിപ്പിക്കുന്ന പാർട്ടി മാത്രമാണ്. അതിനാൽ കോൺഗ്രസിന് വോട്ടു നല്‍കാതെ ഒറ്റക്കെട്ടായി ബിജെപിക്കെതിരായ വോട്ടുകൾ തന്‍റെ പാർട്ടിക്ക് നല്‍കണമെന്നും മായാവതി പറയുന്നു. യുപിയിൽ മത്സരം ബിജെപിക്കും അഖിലേഷ് യാദവിനും ഇടയിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പിടിച്ചു നില്‍ക്കാന്‍ നോക്കുന്ന മായാവതിയുടെ ദളിത് വോട്ടുകൾ ആകർഷിക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്.
ഇതാണ് കോൺഗ്രസിനെ കടന്നാക്രമിക്കാൻ മായാവതിയെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് 20 ശതമാനം വോട്ട് വരെ മായാവതിക്കുണ്ടായിരുന്നു. എന്നാൽ ഇത് പകുതിയായി കുറയും എന്നാണ് സർവ്വേ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ബിജെപിക്കും എസ്പിക്കുമിടയിലെ വോട്ട് വ്യത്യാസം വീണ്ടും കൂടുന്നു എന്നാണ് അടുത്തിടെയുള്ള ചില സർവ്വേകൾ നല്‍കുന്ന സൂചന. അതിനാൽ പ്രതിപക്ഷത്തെ പാർട്ടികൾക്കിടയിലെ ഈ മത്സരത്തിൽ ബിജെപിക്ക് ആശ്വസിക്കാം.