കാസർകോട്: വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ ജില്ല ഏറെ പിറകിലാണെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും വോട്ടര്‍ പട്ടിക നിരീക്ഷകന്‍ അലി അസ്‌ഗര്‍ പാഷ. കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആധാര്‍ ലിങ്ക് ചെയ്തവര്‍ 50 ശതമാനത്തില്‍ താഴെയാണ്.
വോട്ട് ഇരട്ടിപ്പ് ഉള്‍പ്പെടെ ഒഴിവാക്കി വോട്ടര്‍ പട്ടിക സുതാര്യമാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നിലവില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ കുറവാണ് ജില്ലയില്‍ ലഭിച്ചത്. ജില്ലയില്‍ നിലവില്‍ പോളിങ് ബൂത്തുകളുടെ എണ്ണം കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ കെ. നവീന്‍ബാബു, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എം.പിയുടെ പ്രതിനിധി എം. അസിനാര്‍, ടി.എം.എ.കരീം, എം. കുഞ്ഞമ്പു നമ്പ്യാര്‍, മൂസ ബി. ചെര്‍ക്കള, ബിജു ഉണ്ണിത്താന്‍, മനുലാല്‍ മേലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.